പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ്. എത്ര കാലം കഴിഞ്ഞാലും ആ ഓർമ്മകൾ മനസിൽ നിന്ന് മായുകയുമില്ല. എന്നും വേദനയോടെ മനസിലുണ്ടാകും. അത്തരത്തിൽ ഇപ്പോൾ തന്റെ അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ നടി ഭാവന പങ്കുവെച്ച കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കാലം മുറിവുകളുണക്കുമെന്നാണ് പറയുന്നത്, എന്നാൽ യാഥാര്‍ത്ഥ്യം അങ്ങനെയല്ല, വേർപാടിന്റെ വേദന എപ്പോഴും മനസിലുണ്ടാകും എന്നാണ് ഭാവന കുറിച്ചത്.
‘കാലം എല്ലാ മുറിവുകളുണക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷേ യാഥാര്‍ത്ഥ്യം അങ്ങനെയാകണമെന്നില്ല. ജീവിതത്തിൽ ഓരോ നിമിഷവും ഓരോ ദിവസവും സന്തോഷവും സങ്കടവും വരുമ്പോഴുമെല്ലാം അച്ഛനെ മിസ് ചെയ്യുന്നു. അച്ഛൻ എപ്പോഴും ഹൃദയത്തിലുണ്ട്’ എന്നാണ് ഭാവന കുറിച്ചത്. അച്ഛനോടൊപ്പമുള്ള ഒരു ചിത്രം ഉൾപ്പെടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.
‘മുന്നോട്ടു തന്നെ പോകുക, സ്വർഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിൻവാങ്ങൽ ഇഷ്ടപ്പെടുന്നില്ല’ എന്നെഴുതിയ ഒരു കാർഡും ചിത്രത്തോടൊപ്പം ഭാവന പങ്കുവെച്ചിരുന്നു. ഭവനയുടെ അച്ഛൻ ഫോട്ടോഗ്രാഫറായിരുന്ന ബാലചന്ദ്രന്റെ 9-ാം ചരമവാർഷികമാണ് ഇന്ന്. ഭാവനയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യമാണെന്നാണ് മിക്കവരുടെയും അഭിപ്രായം.