നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു,’ എന്ന് കെ സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
കേരള പീപ്പിൾസ് പാർട്ടി എന്ന സ്വന്തം പാർട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് വരുന്നത്. 2004 ൽ ആണ് ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ പറഞ്ഞിരുന്നു.