വ്യവസായ രംഗത്ത് അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ നീക്കം. കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം നടത്താന്‍ അബുദാബി സാമ്പത്തിക വികസന വകുപ്പിന്‍റെ തീരുമാനം. വ്യവസായ നിക്ഷേപത്തിലൂടെ ജിഡിപിയിലും തൊഴില്‍ നിരക്കിലും വര്‍ദ്ധനയാണ് ലക്ഷ്യം.
ആരോഗ്യമേഖല, ഭക്ഷ്യ മേഖല, ഗതാഗതം തുടങ്ങി അടിസ്ഥാന മേഖലകൾക്കൊപ്പം കെമിക്കല്‍, ഇലക്ട്രോണിക്സ്, റോബോര്‍ട്ടിക്സ് തുടങ്ങി ആറ് മേഖകളെ കേന്ദ്രീകരിച്ചാണ് പുതിയ നിക്ഷേപ പദ്ധതികൾ തയ്യാറാക്കുന്നത്, മരുന്നുനിര്‍മ്മാണത്തിന് പ്രത്യേക പരിഗണന നല്‍കാനും നീക്കമുണ്ട്. ആയിരം കോടിവീതം ഓരോ മേഖലയിലും വിനിയോഗിക്കും.
2031ഓടെ വിദേശ നിക്ഷേപം 17,200 കോടി ദിര്‍ഹമായി ഉയര്‍ത്താനാകുമെന്നും അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഷൊറാഫ പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ 5100 കോടി ദിര്‍ഹത്തിന്‍റെ നിക്ഷേപ പദ്ധതികൾ നടപ്പാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് മേഖലകളില്‍ നിക്ഷേപക്കുതിപ്പ് ഉണ്ടാകുന്നതോടെ തൊഴില്‍ നിരക്കിലും ക്രമാനുഗത വര്‍ദ്ധനവ് സൃഷ്ടിക്കാനാകും. 13,600 തൊഴിലവസരങ്ങൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുമെന്നും സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ സൂചിപ്പിച്ചു.