33-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഏപ്രിൽ 29-ന് ആരംഭിക്കും. ഫെയർ സന്ദർശിക്കാനെത്തുന്നവർക്ക് വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളുമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് മേള ഒരുക്കുന്നത്.
അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിക്കാനെത്തുന്നവർക്ക് വലിയ ഓഫറുകളാണ് ലഭിക്കുക. പുസ്തക മേളയുടെ ടിക്കറ്റ് ഉപയോഗിച്ച് ലൂവർ അബുദാബി മ്യൂസിയം, ഖസ്ർ അൽ ഹൊസൻ എന്നിവ ഓരോ തവണ സൗജന്യമായി സന്ദർശിക്കുന്നതിനുള്ള അവസരമാണ് ലഭിക്കുക. ഓരോ ടിക്കറ്റിനും ഇവ സന്ദർശിക്കുന്നതിന് രണ്ടാഴ്ച കാലാവധിയാണ് അനുവദിക്കുന്നത്. തുടർച്ചയായി രണ്ടാം വർഷമാണ് സംഘാടകർ ഇത്തരമൊരു ഓഫറുമായി എത്തുന്നത്.
കൂടാതെ, പുസ്തകമേള സന്ദർശിക്കുന്നവർക്ക് റൂഫുഫ് പ്ലാറ്റ്ഫോമിലേയ്ക്ക് 30 ദിർഹം ഫീസ് നൽകി മൂന്ന് മാസത്തേയ്ക്ക് വരിക്കാരാകുന്നതിനുള്ള പ്രത്യേക അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല മേളയിലേക്കുള്ള ടിക്കറ്റ് ഉപയോഗിച്ച് സ്റ്റോറിടെൽ പ്ലാറ്റ്ഫോമിലേക്കുള്ള വാർഷിക വരിസംഖ്യയിൽ 60 ശതമാനം വരെ കിഴിവും നേടാൻ സാധിക്കും. സന്ദർശകർക്ക് പുതിയ അനുഭവം പകരുന്ന ഇത്തരം പദ്ധതികൾ മുൻവർഷങ്ങളിലും ഏറെ ജനശ്രദ്ധ നേടിയിരുന്നു.