അബുദാബിയിലെ പ്രകൃതിദത്ത വന്യജീവി സങ്കേതമായ സർ ബനി യാസ് ഐലൻഡ് നവംബർ നാലിന് തുറക്കും. കാലാവസ്ഥ അനുകൂലമായതോടെയാണ് ഏപ്രിൽ വരെയുള്ള വിനോദസഞ്ചാര സീസണിന് തുടക്കമാകുന്നത്. 17,000ത്തോളം വന്യജീവികൾ സ്വതന്ത്രമായി വിഹരിക്കുന്ന ദ്വീപിലൂടെ തുറന്ന വാഹനത്തിലുള്ള സഞ്ചാരമാണ് ഇവിടം വിനോദസഞ്ചാരികൾക്ക് നൽകുന്നത്.
84 ചതുരശ്ര കി.മീ. വലിപ്പമുള്ള ദ്വീപിൽ ചീറ്റ, മ്ലാവ്, ജിറാഫ്, കഴുതപ്പുലി, അറേബ്യൻ ഒറിക്സ്, മയിൽ തുടങ്ങി നിരവധി മൃഗങ്ങളാണുള്ളത്. അബുദാബിയിൽ നിന്ന് 300 കി.മീ അകലെ അൽ ദാനയിൽ നിന്ന് ജങ്കാറിൽ (ഫെറി) 45 മിനിറ്റ് യാത്ര ചെയ്താൽ സർ ബനി യാസിലെത്താം. ദ്വീപിലേക്കുള്ള കടൽ യാത്രയും അതിമനോഹരമായ അനുഭവമാണ് പ്രദാനംചെയ്യുന്നത്. കയാക്കിങ്, നീന്തൽ ഉൾപ്പെടെയുള്ള ബീച്ച് വിനോദങ്ങൾക്ക് പുറമെ വിവിധ കലാപരിപാടികളും ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുറഞ്ഞ ചെലവിൽ ആഫ്രിക്കൻ സഫാരിയെ അനുസ്മരിപ്പിക്കുന്ന യാത്രാനുഭവമാണ് ഇതുവഴി സഞ്ചാരികൾക്ക് ലഭിക്കുന്നത്. ദ്വീപിൽ വേട്ടയാടാനോ മലിന്യങ്ങൾ വലിച്ചെറിഞ്ഞ് പരിസ്ഥിതിയെ നശിപ്പിക്കാനോ പാടില്ല. കൂടാതെ പക്ഷികൾ, മൃഗങ്ങൾ, ഉരഗങ്ങൾ എന്നിവയെ ശല്യപ്പെടുത്താത്ത വിധമാണ് സഞ്ചാരം നടത്തേണ്ടത്. ഇവിടെ പകൽസമയം ചിലവഴിക്കുന്നതിന് പുറമെ രാത്രിയിൽ തങ്ങേണ്ടവർക്കായി അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്വകാര്യ ദ്വീപായിരുന്ന സർ ബനി യാസ് 1977-ലാണ് വികസിപ്പിച്ചത്. പിന്നീട് 2005-ലാണ് ഇത് സ്വകാര്യ വ്യക്തികൾക്കായി തുറന്നുകൊടുത്തത്.