അബുദാബി മസ്ദർ സിറ്റിയിലെ മസ്ദർ പാർക്കിന് അംഗീകാരം. ഇസ്തിദാമ പബ്ലിക് റീം റേറ്റിങ് സിസ്റ്റത്തിന്റെ സുസ്ഥിര രൂപകൽപനക്കുള്ള മാതൃകാ റേറ്റിങ് ആണ് മസ്ദര്‍ പാര്ക്കിന് ലഭിച്ചിരിക്കുന്നത്. സുസ്ഥിര കാഴ്ചപ്പാടുകൾ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് റേറ്റിങ് നൽകുന്ന സംവിധാനമാണ് ഇസ്തിദാമ. ഇസ്തിദാമയുടെ സാമ്പത്തിക – പാരിസ്ഥിതിക – സാമൂഹിക – സാംസ്കാരിക സുസ്ഥിരതാ മാനദണ്ഡങ്ങൾ മസ്ദർ പാർക്ക് പാലിച്ചതിനാണ് അംഗീകാരം ലഭിച്ചത്. മേഖലയിൽ ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ പാർക്കാണിത്.
ഹരിത ഇടങ്ങളും പൊതുവിനോദകേന്ദ്രങ്ങളും വർധിപ്പിക്കുന്നതിനും പ്രകൃതിക്ക് അനുയോജ്യമായ വികസന പദ്ധതികൾക്കുമായാണ് മസ്ദർ പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് പാർക്കിലെ മൈതാനം, ബീച്ച് വോളിബോർ കോർട്ടുകൾ, ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ, വിവിധ വിനോദകേന്ദ്രങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവ നിർമ്മിച്ചിരിക്കുന്നത്. സന്ദർശകർക്കായി പ്രദേശികവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ വിവിധ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.