പുതുവത്സരാഘോഷ രാവിൽ നാല് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. 40 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സൃഷ്ടിച്ചപ്പോൾ 5,000 ഡ്രോണുകൾ ചേർന്ന് ആകാശത്ത് തീർത്ത ദൃശ്യങ്ങൾ നാലാം ലോക റെക്കോർഡും കരസ്ഥമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പുതുവത്സരം ആഘോഷിക്കാനെത്തിയ ജനസാഗരത്തെ സാക്ഷിയാക്കിയാണ് ലോക റെക്കോർഡുകൾ പിറന്നത്. ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ ആഘോഷങ്ങൾ സന്ദർശകരെ ഒന്നാകെ വിസ്മയിപ്പിക്കുന്നതായിരുന്നു.
ലേസർ ഷോയ്ക്കും പരമ്പരാഗത എമിറാത്തി നൃത്തത്തിനുമൊപ്പം ആഘോഷങ്ങൾക്ക് പകിട്ടേകാൻ കേരളത്തിന്റെ ചെണ്ടമേളവും വിവിധ രാജ്യങ്ങളിലെ കലാകാരന്മാർ അണിനിരന്ന കലാസന്ധ്യയും ഒരുക്കിയിരുന്നു. ഇതിന് പുറമെ അമേരിക്കൻ, മെക്സിക്കൻ, യുക്രെയ്ൻ ബാൻഡുകളും അവതരിപ്പിച്ചു. മാർച്ച് 9നാണ് ഫെസ്റ്റിവൽ സമാപിക്കുക.