ഖത്തറിൽ പ്രാദേശിക കന്നുകാലി വില്പനയ്ക്കായി പുതിയ മാർക്കറ്റ് ആരംഭിക്കും. നഗരസഭ മന്ത്രാലയത്തിലെ ലൈവ്സ്റ്റോക്ക് അഫയേഴ്സ് വകുപ്പിന് കീഴിലാണ് പ്രാദേശിക ഫാമുകളിൽ നിന്നുള്ള കന്നുകാലികളെ വിൽക്കുന്നതിന് മാത്രമായി മാർക്കറ്റ് തുടങ്ങുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് കന്നുകാലികളെ വിൽക്കാനുള്ള സൗകര്യമാണ് പുതിയ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. വാണിജ്യാവശ്യത്തിനായി കൂടുതൽ കന്നുകാലികളെ ഉല്പാദിപ്പിക്കുന്നതിന് വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
രാജ്യത്തിന്റെ കന്നുകാലി ഉല്പാദന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ അധികൃതർ നടപ്പിലാക്കിവരുന്നുണ്ട്. രാജ്യത്ത് നിലവിൽ 13 ലക്ഷത്തോളം കന്നുകാലികളുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കന്നുകാലികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അൽ ഷമാൽ, അബു നഖ്ല എന്നിവിടങ്ങളിൽ പുതിയ രണ്ട് വെറ്ററിനറി ക്ലിനിക്കുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.