ഖത്തറിലുണ്ടായ വാഹനാപകടത്തിൽ 3 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ്, തമിഴ്നാട് സ്വദേശികളായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്.
അൽഖോറിലെ ഫ്ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചതിനേത്തുടർന്ന് നിയന്ത്രണം വിട്ട് ഫ്ളൈ ഓവറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. റോഷിന്റെയും ആൻസിയുടെയും മൂന്ന് വയസുള്ള മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.