കൂട്ടമായി പറക്കുന്നതിനിടെ വിമാനമിടിച്ച് 40 ഫ്ലെമിംഗോ പക്ഷികൾ ചത്തു. മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് എമിറേറ്റ്സ് വിമാനമിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എമിറേറ്റ്സ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു.
തിങ്കളാഴ്‌ച രാത്രിയോടെയായിരുന്നു അപകടം. ദേശാടനക്കിളികളായ ഫ്ലെമിംഗോ പക്ഷികൾ കൂട്ടമായി പറക്കുന്നതിനിടെയാണ് താഴ്ന്ന് പറക്കുകയായിരുന്ന എമിറേറ്റ്സ് വിമാനം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. തുടർന്ന് സ്ഥലത്തെത്തിയ മൃഗസംരക്ഷണ പ്രവർത്തകരും വനംവകുപ്പ് അധികൃതരും പക്ഷികളുടെ ശരീരഭാഗങ്ങൾ ശേഖരിച്ച് പോസ്‌റ്റ്‌മോർട്ടത്തിന് അയക്കുകയായിരുന്നു.
സംഭവത്തിൽ മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ വകുപ്പും അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. അപകടത്തേത്തുടർന്ന് മുംബൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കിയിരുന്നു. ഇതോടെ ദുരിതത്തിലായ യാത്രക്കാർക്ക് എമിറേറ്റ്സ് അധികൃതർ താമസവും മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യവും ഒരുക്കി.