റിയാദിലെ സംരക്ഷിത വന്യജീവി മേഖലയിൽ 27 മാൻ കുഞ്ഞുങ്ങൾ പിറന്നു. സക്കാകയിലുള്ള കിങ് സൽമാൻ റോയൽ സംരക്ഷിത വന്യജീവി മേഖലയിലാണ് മാൻ കുഞ്ഞുങ്ങൾ ജനിച്ചത്. ആദ്യമായാണ് ഇവിടെ ഇത്രയും മാൻ കുഞ്ഞുങ്ങൾ പിറക്കുന്നത്. വന സംരക്ഷണ നിയമം ശക്തമാക്കിയതിന് ശേഷമാണ് ഇവിടെ ഇത്രയും പ്രജനനം നടക്കുന്നത്.
മാനുകളെയും വംശനാശ ഭീഷണി നേരിടുന്ന മറ്റ് നിരവധി ജീവജാലങ്ങളെയും മുമ്പ് ജനങ്ങൾ വേട്ടയാടിയിരുന്നു. ഇതിനാൽ വന്യജീവി സമ്പത്ത് കുറഞ്ഞുവന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയിൽ വനം വന്യജീവി സംരക്ഷണ നിയമം കർശനമാക്കിയത്. ഇതാണ് മൃഗങ്ങളുടെ പ്രജനനം ക്രമാതീതമായി വർധിക്കാൻ കാരണമായത്. നിലവിൽ കിങ് സൽമാൻ റോയൽ റിസർവിൽ ഏകദേശം 350-ഓളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.