അമ്മയുടെ ആഗ്രഹം സാധിച്ചു നൽകി സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ. ഇഷ്ടഗായകന്റെ സംഗീതപരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹൻലാലിന്റെ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൗമാരകാലം മുതൽക്കേ സൂചിത്രയുടെ ആരാധനാപാത്രമാണ് ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ട്. അദ്ദേഹത്തെ നേരിൽകാണുകയും ആ വലിയ മനുഷ്യന്റെ പാട്ട് നേരിട്ട് കേൾക്കുകയും ചെയ്തപ്പോൾ സുചിത്രയ്ക്ക്സന്തോഷം അടക്കിപിടിക്കാൻ കഴിഞ്ഞില്ല. വേദിയിൽ സ്റ്റിവാർട്ട് പാടുന്നതുകേട്ട് മതിമറന്ന് ആവേശം കൊണ്ട് സുചിത്ര തുള്ളിച്ചാടി.
മകൾ വിസ്മയ തന്നെയാണ് സന്തോഷം കൊണ്ട് മതിമറന്നു തുള്ളിച്ചാടുന്ന സുചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം ഇതാ സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാർട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവർക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്’, വിഡിയോ പങ്കുവച്ചുകൊണ്ട് വിസ്മയ മോഹൻലാൽ കുറിച്ചു.
സുചിത്രയെ ആദ്യമായാണ് ഇത്രയും ആവേശഭരിതയായി കാണുന്നതെന്ന് പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.