വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ഖുഷി’യുടെ ട്രെയിലർ ലോഞ്ച് നടന്നു. വേദിയിൽ മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട. ഓഗസ്റ്റ് ഒൻപതിന് ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിലാണ് താരം മലയാള സിനിമയെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമകൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. മലയാളത്തിൽ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നു എന്നു ഞാൻ ആലോചിക്കാറുണ്ട്. പുതിയ പല മലയാള ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരുമെന്ന് വിജയ് ദേവരക്കൊണ്ട സദസ്സിനോട് പറഞ്ഞു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ഖുഷി’യുടെ ട്രെയിലർ പതിനഞ്ചു മില്യണോളം കാഴ്ചക്കാരുമായി യുട്യൂബിൽ മുന്നേറുകയാണിപ്പോൾ. അതേസമയം ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ‘ഖുഷി’ സെപ്തംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
തെലുങ്ക് ഹിറ്റുകളായ ‘ടക്ക് ജഗദീഷ്’, ‘മജിലി’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ എലമഞ്ചിലി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജയറാം, രോഹിണി, സച്ചിൻ ഖേദേക്കർ, അലി, മുരളി ശർമ്മ ലക്ഷ്മി, രാഹുൽ രാമകൃഷ്ണ, വെണ്ണേല കിഷോർ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ.