മലയാളികളുടെ എക്കാലത്തെയും പ്രിയ ഗായകരാണ് റിമി ടോമിയും വിധു പ്രതാപും. വേദികളെ ഇളക്കിമറിച്ച് ഒരുകാലത്ത് ഇരുവരും നടത്തിയിരുന്ന ഗനമേളകൾ പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. ഇന്നും പഴയ ഊർജ്ജത്തോടെ തന്നെയാണ് ഇരുവരും ഗംഭീര സംഗീതവിരുന്നുകൾ നൽകാനെത്തുന്നത്. തന്റെ പ്രിയ സുഹൃത്തുകൂടിയായ റിമിയേക്കുറിച്ച് വിധു പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
റിമി ടോമിയോട് തനിക്ക് ബഹുമാനമാണെന്നും ജീവിതത്തിൽ വീഴുമെന്ന് കരുതുമ്പോഴൊക്കെ അവൾ ഇരട്ടി ഉയരത്തിൽ പറക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. “റിമി എപ്പോഴും ഫീനിക്സ് പക്ഷിയാണ്. നമ്മൾ കരുതും റിമി ഇപ്പോൾ താഴെ വീഴും എന്ന്. എന്നാൽ ആ അവസ്ഥയിൽ നിന്നുപോലും അവൾ പറന്നുയരും അതാണ് റിമി. ആ കുടുംബത്തെ പിടിച്ചുനിർത്തുന്നതും കൊണ്ടുപോകുന്നതും എല്ലാം റിമിയാണ്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിത്വം ആണ് റിമിക്ക്. ചെറുപ്പം മുതൽ എനിക്ക് റിമിയെ അറിയാം. ഞങ്ങൾ ഒരുപാട് ഷോസും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവളുടെ കാലിബർ എല്ലാം എനിക്ക് നന്നായി അറിയാം. ഇരട്ടി ഉയരത്തിൽ അവൾ പറക്കും” എന്നാണ് മനസുതുറന്ന് വിധു സംസാരിച്ചത്.
വിധുവിന്റെ വാക്കുകൾ കയ്യടികളോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്. കുടുംബ ജീവിതം പരാജയപ്പെട്ടപ്പോഴും ബോഡി ഷെയ്മിങ് നേരിട്ടപ്പോഴുമെല്ലാം അവയെ നിഷ്പ്രയാസം തരണം ചെയ്ത ഗായികയാണ് റിമി ടോമി. ഒരുഘട്ടത്തിൽ ഫീൽഡിൽ നിന്നും പുറത്താകുമെന്ന അവസ്ഥ വരെയെത്തിയെങ്കിലും താരം തന്റെ കഴിവിന്റെ പിൻബലത്തിൽ തിരിച്ചുവരികയായിരുന്നു.