തെന്നിന്ത്യൻ താരം തൃഷ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു. ‘ഫോറൻസിക്’ എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ഐഡന്റിറ്റി’ എന്നാണ് പേരിട്ടിരിക്കുന്നത്. വൻ മുതൽ മുടക്കിൽ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാകും ‘ഐഡന്റിറ്റി’. നൂറിൽ പരം ദിവസം ചിത്രീകരണം പദ്ധതിയിടുന്ന സിനിമയിൽ മുപ്പതിലധികം ദിവങ്ങളും ആക്ഷൻ രംഗങ്ങൾ മാത്രം ചിത്രീകരിക്കാനാണ് നീക്കി വച്ചിരിക്കുന്നത്. അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഫോറൻസിക്കിനു ശേഷം അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും ഏറെയാണ് .
പൊന്നിയൻ ശെൽവൻ, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഐഡന്റിറ്റിയ്ക്ക്. നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ ജൂഡ് ആണ് തൃഷ അഭിനയിച്ച ആദ്യ മലയാള ചിത്രം.