ലൂസിഫറിന് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം കൂടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങി സൂപ്പർതാരം ചിരഞ്ജീവി. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തിലെ നായികമാര്‍.
ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയാണ് ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുക. മോഹൻലാലിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ച മീനയുടെ വേഷത്തിൽ തൃഷയായിരിക്കും അഭിനയിക്കുക. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി ശർവാനന്ദും ശ്രീ ലീലയും അഭിനയിക്കും. സുസ്മിത കോനിഡേല ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.
അതേസമയം ചിത്രത്തിൽ അമ്മയും മകനുമായി അഭിനയിക്കുന്ന തൃഷയുടെയും ശർവാനന്ദിന്റെയും പ്രായ വ്യത്യാസം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. തൃഷയ്ക്ക് നാൽപത് വയസ്സും ശർവാനന്ദിന് മുപ്പത്തിയൊൻപതുമാണ് പ്രായം. ഇതിന് മുൻപ് വിജയ്യുടെ കത്തിയും ചിരഞ്ജീവി റീമേക്ക് ചെയ്തിരുന്നു. ഇനിഅജിത് ചിത്രം വേതാളത്തിന്റെ റീമേക്ക് ആയ ഭോല ശങ്കർ ആണ് ചിരഞ്ജീവിയുടേതായി റിലീസ് ചെയ്യാനുള്ളത്.