കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘രജനി’യുടെ ട്രെയിലർ റിലീസ് ചെയ്തു. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയ്ലർ മലയാളത്തിലും തമിഴിലുമായാണ് പുറത്തിറക്കിയത്. വിനിൽ സ്കറിയ വർഗീസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, റെബ മോണിക്ക ജോൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്നാണ് രജനി നിർമ്മിച്ചിരിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, ലക്ഷ്മി ഗോപാലസ്വാമി, ഷോൺ റോമി, പ്രിയങ്ക സായ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ആർ.ആർ. വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്ന സങ്കീർണ്ണമായ ഒരു കേസിൽ അകപ്പെട്ട കാളിദാസ് ജയറാമിന്റെ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രം നവംബറിൽ തിയേറ്ററിലെത്തും.