സിനിമ പ്രഖ്യാപിച്ചത് മുതൽ ഏറെ ജനശ്രദ്ധനേടിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാദങ്ങൾക്കിടയിലും ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്.
ഇപ്പോഴിതാ ഇതുവരെ കേരള സ്റ്റോറി നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റിലീസ് ചെയ്ത് ഇരുപത് ദിവസങ്ങൾ പൂർത്തിയായപ്പോൾ കേരള സ്റ്റോറി 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്.
മൂന്നാം വാരത്തിൽ വെള്ളിയാഴ്ച 6.60 കോടിയും ശനിയാഴ്ച 9.15 കോടിയും ഞായറാഴ്ച 11.50 കോടിയും തിങ്കളാഴ്ച 4.50 കോടിയും ചൊവ്വാഴ്ച് 3.50 കോടിയും ചിത്രം നേടി. ഇതുവരെയുള്ള കണക്ക് പ്രകാരം 206 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. അതേസമയം മെയ് 14ന് നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.