ബിഗ് സ്ക്രീൻ അടക്കി വാഴുന്ന ചലച്ചിത്ര താരങ്ങൾക്ക് ആരാധകർ ഏറെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾക്കൊണ്ട് ജന മനസ്സുകൾ കീഴടക്കുന്നവരും പലപ്പോഴും പരാജയപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. കമൽഹാസൻ, രജനികാന്ത്, വിജയ് തുടങ്ങിയ താരങ്ങൾ അടുത്തിടെ രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. അഭിനയം നിർത്തുകയും മുഴുവൻ രാഷ്ട്രീയ പ്രവർത്തകൻ ആകാനും തീരുമാനിച്ചു എന്ന വിജയ് യുടെ പ്രസ്താവന ആരാധകരെ ഏറെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ ഏറെ ആരാധകരുള്ള തമിഴ് താരമാണ് വിശാൽ.
ഇപ്പോഴിതാ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ തള്ളി രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടൻ വിശാൽ. രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാവില്ലെന്ന് താരം വ്യക്തമാക്കി. മാത്രമല്ല, ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. അത് ഇനിയും തുടരുമെന്നും വിശാൽ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് വിശാൽ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന സൂചനയും താരം നൽകിയിട്ടുണ്ട്.
‘അഭിനേതാവായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. പരമാവധി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, ഫാൻസ് ക്ലബ്ബ് വഴി ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ആദ്യം മുതലേ ചെയ്തുവരുന്നുണ്ട്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഞങ്ങളുടെ കഴിവിൻ്റെ പരമാവധി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫാൻസ് ക്ലബ് നടത്തുന്നത്’- വിശാൽ കൂട്ടിച്ചേർത്തു.
അതേസമയം ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതാണ് അടുത്ത ഘട്ടമെന്നും താരം വ്യക്തമാക്കി. താരത്തിന്റെ അമ്മയുടെ പേരിൽ നടത്തുന്ന ‘ദേവി ഫൗണ്ടേഷൻ’ വഴി എല്ലാ വർഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാർഥികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുവരികയാണ്. മാത്രമല്ല ദുരിതബാധിതരായ കർഷകരെയും സഹായിച്ച് വരുന്നു.
‘ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ ആവശ്യഘട്ടത്തിൽ ഭാവിയിൽ ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഞാൻ മടിക്കുകയുമില്ല’-വിശാൽ പറഞ്ഞു. നിലവിൽ ‘രത്നം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം. ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.