കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കെത്തിയ നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് വരൻ. വിവാഹച്ചടങ്ങിലെ പ്രധാന നിമിഷങ്ങൾ താരം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടു. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിക്കുന്നത്.
മുംബൈയിൽ ജനിച്ചുവളർന്ന പ്രണവിന്റെ നാട് കേരളത്തിൽ പയ്യന്നൂർ ആണ്. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അഭിനേത്രിയും മോഡലും നർത്തകിയുമായ സുരഭി ഒരു അഭിഭാഷക കൂടിയാണ്. 2018ൽ കുഞ്ചാക്കോ ബോബനൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് വേഷമിട്ടത്.
ധ്യാൻ ശ്രീനിവാസനോടൊപ്പമുള്ള ‘ആപ് കൈസാ ഹോ’ ആണ് സുരഭിയുടെ അവസാന ചിത്രം. സണ്ണി വെയ്ൻ നായകനാകുന്ന ‘ത്രയം’, ഇന്ദ്രജിത്തിനൊപ്പമുള്ള ‘അനുരാധ’ എന്നിവയാണ് പുതിയ ചിത്രങ്ങൾ. മലയാളത്തിന് പുറമേ കന്നഡ, തമിഴ് ഭാഷകളിലും സുരഭി വേഷമിട്ടിട്ടുണ്ട്.