ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നു. ബുധനാഴ്ചയാണ് സൂപ്പർ എട്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. നാല് ഗ്രൂപ്പുകളിൽ നിന്നായി മുന്നിലെത്തിയ എട്ട് ടീമുകളാണ് പരസ്പരം കൊമ്പുകോർക്കുന്നത്. കിരീടമുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സൂപ്പർ എട്ടിലും കളംനിറയാനൊരുങ്ങുന്നത്.
ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ ഒരു മത്സരം പോലും തോൽക്കാതെയാണ് പുതിയ ലെവലിലേയ്ക്ക് ഉയർന്നത്. ഗ്രൂപ്പ് എ-യിൽ നിന്ന് ഇന്ത്യയും യുഎസും, ഗ്രൂപ്പ് ബി-യിൽ നിന്ന് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ സൂപ്പർ എട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് സി-യിൽ നിന്ന് അഫ്ഗാനിസ്ഥാനും, വെസ്റ്റിൻഡീസും ഗ്രൂപ്പ് ഡി-യിൽ നിന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളും സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി.
ബുധനാഴ്ച യുഎസും ദക്ഷിണാഫ്രിക്കയും തമ്മിലാണ് സൂപ്പർ എട്ടിലെ ആദ്യ മത്സരം നടക്കുക. ഓരോ ടീമുകളും മൂന്ന് വീതം മത്സരങ്ങൾ കളിക്കും. തുടർന്ന് രണ്ട് ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമി ഫൈനലിലേയ്ക്ക് ടിക്കറ്റെടുക്കുകയും ചെയ്യും.