ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ വമ്പൻ തോൽവിക്ക് പിന്നാലെ ശുഭ്മാൻ ഗില്ലിന് കനത്ത തിരിച്ചടിയായി പിഴ ശിക്ഷയും. തെറ്റ് ആവർത്തിച്ചാൽ ഗില്ലിന് ഒരു മത്സര വിലക്ക് നേരിടേണ്ടിവരും.
ചെന്നൈക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിൻറെ പേരിൽ മാച്ച് റഫറി 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴ ശിക്ഷയായി വിധിച്ചത്. സീസണിലെ ആദ്യ പിഴവായതുകൊണ്ടാണ് ഗില്ലിൻറെ പിഴ ശിക്ഷ 12 ലക്ഷത്തിൽ ഒതുങ്ങിയത്. ഓവർനിരക്കിന്റെ പേരിൽ ഈ സീസണിൽ ഇതാദ്യമായിട്ടാണ് ഒരു ടീമിനെതിരേ പിഴയീടാക്കുന്നത്.
എ.എം. ചിദംബരം സ്റ്റേഡിയത്തിൽ മാർച്ച 26-ന് ചെന്നൈക്കെതിരേ നടന്ന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പിഴ ചുമത്തി. മിനിമം ഓവർറേറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട് ഈ സീസണിൽ ആദ്യത്തെ നടപടിയായി ഗില്ലിന് 12 ലക്ഷം രൂപ പിഴചുമത്തി’- ഐപിഎൽ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ മായങ്ക് അഗർവാളിൻറെ വിക്കറ്റെടുത്തശേഷം ഫ്ലയിംഗ് കിസ് നൽകി യാത്രയയപ്പ് നൽകിയതിന് കൊൽക്കത്ത പേസർ ഹർഷിത് റാണക്ക് മാച്ച് റഫറി മാച്ച് ഫീയുടെ 60 ശതമാനം പിഴശിക്ഷ വിധിച്ചിരുന്നു.