ട്വന്റി20 ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ടീം ഇന്ത്യ. 11 വർഷത്തിന് ശേഷമാണ് ടി20 ലോകകപ്പിൽ ഇന്ത്യ മുത്തമിടുന്നത്. ടീം ഇന്ത്യയുടെ നേട്ടത്തേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ടീമിലെ ഏക മലയാളി സാന്നിധ്യമായ സഞ്ജു സാംസൺ. ഈ വിജയം ഞങ്ങൾ അർഹിച്ചിരുന്നതാണെന്നും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇങ്ങനെയൊരു അനുഭവം വീണ്ടും ഉണ്ടായതെന്നും സഞ്ജു പറഞ്ഞു.
“ഒരു ലോകകപ്പ് അത്രയെളുപ്പത്തിൽ സംഭവിക്കുന്ന ഒന്നല്ല. ഈ അനുഭൂതി വീണ്ടും അനുഭവിക്കാൻ ഞങ്ങൾക്ക് 13 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. എന്തൊരു ഫൈനലായിരുന്നു അത്. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്” എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ടി20 ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് രോഹിത് ശർമയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ട്വന്റി20 ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ലെങ്കിലും അതിന്റെ യാതൊരു നിരാശയും താരത്തിനില്ല. ടീമിന്റെ വിജയം തന്റേതുമാണെന്നതാണ് സഞ്ജുവിന്റെ നിലപാട്. അതേസമയം, സിംബാബ്വെയ്ക്കെതിരായ ട്വൻ്റി20 പരമ്പരയിൽ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കാനിറങ്ങും. ജൂലൈ ആറിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ട്വൻ്റി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്.