കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി മലയാളി താരമായ സഹൽ അബ്ദുൽ സമദ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് താരം ചേക്കേറുന്നത്. സഹലിന്റെ കൂടുമാറ്റം സംബന്ധിച്ച് ഇരുക്ലബ്ബുകളും അന്തിമധാരണയിലെത്തിയെന്നാണ് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട് ചെയ്തത്.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
രണ്ട് കോടിയിലധികം രൂപയ്ക്കാണ് സഹൽ ക്ലബ്ബ് മാറുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ നടത്തിയത്. സമദിന് പകരം മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാൽ ആണ് ബ്ലാസ്റ്റേഴ്സിലേക്ക് വരിക.
26-കാരനായ സഹൽ 2017-ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ കളിച്ച താരം ദേശീയ ടീമിൽ ഏറെ ശ്രദ്ധനേടിയിരുന്നു. 2025 മേയ് വരെ സഹലും ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു.