19-ാമത് ഏഷ്യൻ ഗെയിംസിൽ ബീച്ച് വോളിയിൽ സ്വർണ്ണം സ്വന്തമാക്കി ഖത്തർ. ഖത്തറിന്റെ ഒളിംപിക് മെഡൽ ജേതാക്കളായ ഷെരീഫ് യൂനസ് – അഹമ്മദ് തിജാൻ സഖ്യമാണ് ആതിഥേയരായ ചൈനയെ പരാജയപ്പെടുത്തി സ്വർണ്ണം കരസ്ഥമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽതന്നെ ആധിപത്യം ഉറപ്പിച്ചായിരുന്നു ഖത്തറിന്റെ മുന്നേറ്റം. ആദ്യ പകുതിയിൽ 22-20 എന്ന നിലയിലും രണ്ടാം പകുതിയിൽ 21-16 എന്ന നിലയിലുമായിരുന്നു സ്കോർ.
ഏഷ്യൻ ഗെയിംസിലെ ഖത്തറിന്റെ ആദ്യ സ്വർണ നേട്ടമാണിത്. ഇതുവരെയുള്ള മത്സരങ്ങളിൽ നാല് മെഡലുകളാണ് ഖത്തർ സ്വന്തമാക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിൽ ഒരു വെള്ളിയും 2 വെങ്കലവുമാണ് ഇതുവരെ ഖത്തറിന്റെ അക്കൗണ്ടിലുള്ളത്. 27 കായിക ഇനങ്ങളിലായി 180 അത്ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.