2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പിലെ ജേതാക്കൾക്ക് നാല് മില്യൺ യു.എസ്. ഡോളറാണ് (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കുക. നവംബർ 19-ന് നടക്കുന്ന ഫൈനലിൽ റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 2 മില്യൺ യു.എസ് ഡോളർ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 മില്യൺ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നതെന്ന് ഐസിസി അറിയിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ വിജയിക്കുന്ന ഓരോ ടീമിനും 40,000 യു.എസ് ഡോളർ (ഏകദേശം 33 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്ന ഓരോ ടീമിനും ഒരു ലക്ഷം യു.എസ് ഡോളർ (ഏകദേശം 83 ലക്ഷം രൂപ) വീതവും ലഭിക്കും. സെമിയിൽ തോൽക്കുന്ന ടീമിന് എട്ട് ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം ആറുകോടി 63 ലക്ഷം രൂപ) ലഭിക്കുക. 10 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഓരോ ടീമും റൗണ്ട് റോബിൻ ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടും. അതിൽ കൂടുതൽ പോയന്റ് ലഭിക്കുന്ന നാല് ടീമുകളാണ് സെമിയിലേക്ക് പ്രവേശിക്കുക.