ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ബൗളിങ് പരിശീലകൻ. ദക്ഷിണാഫ്രിക്കൻ മുൻ പേസർ മോണി മോർക്കലിനെയാണ് ബൗളിങ് പരിശീലകനായി ബിസിസിഐ നിയമിച്ചത്. ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സെപ്റ്റംബർ ഒന്ന് മുതലാണ് മോർക്കൽ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി എത്തുക. അതായത് സെപ്റ്റംബർ 19-ന് ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മോർക്കൽ ഇന്ത്യൻ ടീമിനൊപ്പം ചേരും. മോർക്കൽ ഇന്ത്യയുടെ ബൗളിങ് കോച്ചായി എത്തുമെന്ന വിധത്തിൽ നാളുകൾക്ക് മുമ്പേ വാർത്തകൾ പുറത്തുവന്നിരുന്നു.
ലഖ്നൗ സൂപ്പർ ജയന്റ്സിൽ നിലവിലെ ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഉപദേശകനായിരുന്നപ്പോൾ മോർക്കൽ ബൗളിങ് പരിശീലകനായി പ്രവർത്തിച്ചിരുന്നു. അതോടൊപ്പം പാക്കിസ്ഥാന്റെ ബൗളിങ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.