ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാര്‍ക്ക്. 24.75 കോടിക്കാണ് മിച്ചലിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎൽ താരലേലത്തിലെ വിലയേറിയ താരമെന്ന റെക്കോർഡ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്വന്തമാക്കി നിമിഷങ്ങൾക്കകമാണ് മിച്ചൽ ഇത് തകർത്തത്.
ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടത്തിയ ശക്തമായ പോരാട്ടത്തിനൊടുവിലാണ് മിച്ചലിനെ 24.75 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കിയത്. 20.50 കോടി രൂപയ്ക്കായിരുന്നു കമ്മിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിയത്. മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്സ് ഹൈദരാബാദും ചേർന്ന് നടത്തിയ ലേലത്തിലൊടുവിലാണ് കമ്മിൻസിനെ സൺറൈസേഴ്സ് നേടിയത്. രണ്ട് കോടിയായിരുന്നു കമ്മിൻസിന്റെ അടിസ്ഥാനവില.
ദുബായിലെ കൊക്കകോള അരീനയിലാണ് ലേലം നടക്കുന്നത്. ആദ്യമായാണ് ഐപിഎൽ ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്.