ഇന്ത്യൻ ദേശീയ ഫുട്ബോളിലെ മികച്ചതാരം ഇഷാൻ പണ്ഡിത ഇനി ബ്ലാസ്റ്റേഴ്സിന് സ്വന്തം. രണ്ടുവർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇഷാൻ ആദ്യമായി മഞ്ഞപ്പടയ്ക്ക് വേണ്ടി കളത്തിലിറങ്ങും. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഇഷാൻ. ഇതോടെ മഞ്ഞപ്പട ഫുൾ ഫോമിലായിരിക്കുകയാണ്.
ഇന്ത്യയിൽ ജനിച്ച ഇഷാൻ 16-ാം വയസിൽ സ്പെയിനിലേക്ക് കുടിയേറുകയായിരുന്നു. അവിടെ ലാ ലിഗ ക്ലബ്ബുകളായ യു.ഡി. അൽമേറിയ, സി.ഡി. ലെഗാനെസ് എന്നീ ടീമുകളുടെ യൂത്ത് ടീമുകളിലാണ് താരം കളിച്ചത്. പിന്നീട് 2020ൽ താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും 2020ലെ ഐഎസ്എല്ലിൽ എഫ്.സി. ഗോവയ്ക്ക് വേണ്ടി കളത്തിലിറങ്ങുകയും ഗോൾ നേടി ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. പിന്നീട് ഗോവയിൽ നിന്ന് ജംഷേദ്പൂരിലേക്ക് ചേക്കേറിയ ഇഷാൻ രണ്ട് വർഷം ടീമിനൊപ്പം കളിക്കുകയും 2022-ൽ സൂപ്പർ ലീഗ് ഷീൽഡ് സ്വന്തമാക്കുകയും ചെയ്തു.