ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമാണ് പേസർ ജസ്പ്രീത് ബുമ്ര. താരവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യുംനീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ തന്റെ ക്രിക്കറ്റ് ജീവിതവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം. ക്രിക്കറ്റിൽ അവസരങ്ങൾ കുറഞ്ഞതിനെത്തുടർന്ന് താരം കാനഡയിലേയ്ക്ക് പോകാൻ ഒരുങ്ങിയിരുന്നതായാണ് വെളിപ്പെടുത്തിയത്.
ഒരു അഭിമുഖത്തിൽ ഭാര്യ സഞ്ജന ഗണേശൻ ബുമ്രയുമായി നടത്തിയ ചർച്ചയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയിലേക്ക് പോയി അവിടെ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചിരുന്നോ എന്നായിരുന്നു സഞ്ജന ഗണേശന്റെ ചോദ്യം. ഇതിന് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെയാണ്. “നമ്മൾ ഇക്കാര്യം മുമ്പും സംസാരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന 25 പേരെങ്കിലും ഓരോ തെരുവിലുമുണ്ടാകും. നിങ്ങൾക്ക് എപ്പോഴും ഒരു ബാക്ക്അപ് പ്ലാൻ കൂടി ഉണ്ടായിരിക്കണം. ഞങ്ങളുടെ ബന്ധുക്കൾ കാനഡയിലുണ്ട്. എന്റെ വിദ്യാഭ്യാസത്തിനു ശേഷം അങ്ങോട്ടുപോകാനായിരുന്നു ആലോചിച്ചത്. അമ്മാവൻ അവിടെയാണുള്ളത്.
ആദ്യം കുടുംബമായി തന്നെ പോകാൻ ആയിരുന്നു പ്ലാൻ. എന്നാൽ അവിടത്തെ സംസ്കാരത്തിലുള്ള വ്യത്യാസം കാരണം അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ഞാൻ ഭാഗ്യമുള്ള ആളാണ്. അതുകൊണ്ട് കാര്യങ്ങളെല്ലാം നന്നായി നടന്നു. അതിൽ സന്തോഷമുണ്ട്. കാനഡയിൽ പോയി അവിടത്തെ ടീമിൽ അവസരത്തിനായി ശ്രമിക്കുമോയെന്ന് എനിക്ക് അറിയില്ല. ഇവിടെ തന്നെ അവസരം ലഭിച്ചതു നന്നായി. ഞാനിപ്പോൾ ഇന്ത്യൻ ടീമിനും മുംബൈ ഇന്ത്യൻസിനും വേണ്ടി കളിക്കുന്നുണ്ട്” എന്നാണ് ജസ്പ്രീത് ബുമ്ര വെളിപ്പെടുത്തിയത്.
ഇതോടെ ബുമ്ര കാനഡയിലേയ്ക്ക് പോകാതിരുന്നത് നന്നായി എന്നാണ് ആരാധകർ പറയുന്നത്. വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തനായ ബൗളറാണ് ബുമ്ര. കളത്തിലിറങ്ങുന്ന മത്സരങ്ങളിലെല്ലാം മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലും നല്ല ഫോമിലാണ് മുന്നേറുന്നത്.