ഐ.പി.എൽ താരലേലത്തിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് പുറത്തുവിട്ട് ഇന്ത്യൻ ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ. 333 പേർ ഉൾപ്പെട്ട പട്ടികയിൽ 214 പേർ ഇന്ത്യക്കാരാണ്. രണ്ട് കോടി അടിസ്ഥാന വിലയുള്ള 23 പേരും ഒന്നരക്കോടി അടിസ്ഥാനവിലയുള്ള 13 പേരുമാണുള്ളത്.
ലിസ്റ്റിൽ 119 പേർ വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് കോടി അടിസ്ഥാന വിലയുള്ള 23 പേരിൽ ഹർഷൽ പട്ടേൽ, ശർദൂൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നീ മൂന്ന് ഇന്ത്യക്കാർ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ളവരിൽ ഇന്ത്യക്കാരില്ല.
നിലവിൽ ഐ.പി.എല്ലിലെ വിവിധ ക്ലബുകളിൽ കളിക്കുന്ന 116 പേർ ലേലത്തിലുണ്ട്. 215 പേർ ഇതുവരെ ഒരു ഐ.പി.എൽ ടീമിലും കളിക്കാത്തവരാണ്. ദുബായിലെ കൊക്കക്കോള അരീനയിൽ ഡിസംബർ 19-നാണ് താരലേലം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30-നായിരിക്കും ചടങ്ങുകൾ ആരംഭിക്കുക. ആദ്യമായാണ് ഐ.പി.എൽ താരലേലം ഇന്ത്യക്ക് പുറത്ത് വെച്ച് നടത്തപ്പെടുന്നത്.