ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്ത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് പരാജയപ്പെടുത്തിയാണ് ആർസിബി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയത്. തുടർച്ചയായ അഞ്ചാം ജയത്തോടെ 13 കളികളിൽ നിന്ന് 12 പോയന്റുമായി ആർസിബി അഞ്ചാം സ്ഥാനത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. രജത് പാട്ടിദാർ, വിൽ ജാക്ക്സ് കാമറൂൺ ഗ്രീൻ എന്നിവരുടെ ഇന്നിങ്സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. 32 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 52 റൺസെടുത്ത പാട്ടിദാറാണ് ആർസിബിയുടെ ടോപ് സ്കോറർ. 29 പന്തുകൾ നേരിട്ട ജാക്ക്സ് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 41 റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 88 റൺസാണ് ആർസിബി ഇന്നിങ്സിന്റെ മികച്ച സ്കോർ. ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് മൂന്നാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ (6) നഷ്ടമായിരുന്നു.
എന്നാൽ മറുവശത്ത് ബാറ്റിങ്ങിൽ വെടിക്കെട്ട് തുടർന്ന വിരാട് കോലി സ്കോർ ഉയർത്തി. 13 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റൺസെടുത്ത കോലിയെ ഒടുവിൽ നാലാം ഓവറിൽ ഇഷാന്ത് ശർമയാണ് പുറത്താക്കിയത്. 24 പന്തിൽ നിന്ന് രണ്ടു സിക്സും ഒരു ഫോറുമടക്കം 32 റൺസെടുത്ത കാമറൂൺ ഗ്രീനാണ് സ്കോർ 187-ൽ എത്തിച്ചത്. മഹിപാൽ ലോംറോർ (13), ദിനേഷ് കാർത്തിക്ക് (0), ഇംപാക്റ്റ് പ്ലെയർ സ്വപ്നിൽ സിങ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഡൽഹിക്കായി ഖലീൽ അഹമ്മദും റാസിഖ് ദാർ സാലമും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ആർസിബി ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.1 ഓവറിൽ 140 റൺസിന് ഓൾഔട്ടാകുയായിരുന്നു. 188 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡൽഹിക്ക് ആദ്യ ഓവർ മുതൽ തന്നെ അടിപതറിയിരുന്നു. നാലാം പന്തിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണർ (1) പുറത്തായി. പിന്നാലെ അഭിഷേക് പോറെലും (2) പിൻവാങ്ങി. പിന്നാലെയെത്തിയ ജെയ്ക് ഫ്രേസർ മക്ഗുർക് (21) തൊട്ടടുത്ത പന്തിൽ റണ്ണൗട്ടാകുകയും കുമാർ കുശാഗ്രയും (2) പുറത്താകുകയും ചെയ്തതോടെ 3.3 ഓവറിൽ നാലിന് 30 റൺസെന്ന നിലയിലായി ഡൽഹി.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച അക്ഷർ – ഷായ് ഹോപ്പ് സഖ്യം പ്രതീക്ഷ നൽകിയെങ്കിലും 10-ാം ഓവറിൽ ഹോപ്പിനെമടക്കി ലോക്കി ഫെർഗൂസൻ ആ പ്രതീക്ഷയും ഇല്ലാതാക്കി.
പിന്നാലെയെത്തിയ ട്രിസ്റ്റൻ സ്റ്റബ്ബ്സും (3) റണ്ണൗട്ടായതോടെ ഡൽഹി തകർന്നു. അക്ഷർ പട്ടേലിന്റെ ചെറുത്തുനിൽപ്പിൽ മാത്രമായിരുന്നു പ്രതീക്ഷ. എന്നാൽ 16-ാം ഓവറിൽ യാഷ് ദയാലിനു മുന്നിൽ അക്ഷറും വീണതോടെ ഡൽഹിയുടെ പ്രതീക്ഷ അവസാനിച്ചു. റാസിഖ് ദാർ സലാം (10), മുകേഷ് കുമാർ (3), കുൽദീക് യാദവ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ആർസിബിക്കായി യാഷ് ദയാൽ 20 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫെർഗൂസൻ രണ്ട് വിക്കറ്റുമെടുത്തു.