അഫ്ഗാനിസ്ഥാനെതിരായ ട്വൻ്റി20 പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംനേടി. ജിതേഷ് ശർമയ്ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയ ടീമിൽ സീനിയർ താരം വിരാട് കോലിയുമുണ്ട്.
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടംനേടിയിരിക്കുന്നത്.
പരുക്കേറ്റ് പുറത്തായതിനാൽ സൂര്യകുമാർ യാദവിനെയും ഹാർദിക് പാണ്ഡ്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ പേസർമാരായ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും സിലക്ടർമാർ വിശ്രമം നൽകി. 2022-ലെ ട്വന്റി20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി കളിക്കുന്ന ട്വന്റി20 മത്സരവുമാണിത്. ജനുവരി 11-നാണ് പരമ്പര ആരംഭിക്കുന്നത്.