കേരളത്തിലെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ചു. ‘ഫോഴ്സാ കൊച്ചി എഫ്.സി’ എന്നാണ് ടീമിന് നൽകിയിരിക്കുന്ന പേര്. ടീം ഉടമയും നടനുമായ പൃഥ്വിരാജാണ് സാമൂഹ്യ മാധ്യമത്തിലൂടെ തന്റെ ടീമിന്റെ പേര് വെളിപ്പെടുത്തിയത്.
‘ഒരു പുതിയ അധ്യായം കുറിക്കാൻ “ഫോഴ്സാ കൊച്ചി” കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!’ എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
സൂപ്പർ ലീഗ് കേരള ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് വാങ്ങിയത്. ഇതോടെ കേരളത്തിൽ പ്രഫഷനൽ ഫുട്ബോൾ ടീം സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ് മാറി. മുൻ രാജ്യാന്തര ടെന്നിസ് താരവും എസ്ജി സ്പോർട്സ് ആന്റ് എന്റർടെയ്ൻമെൻ്റ്സ് സിഇഒയുമായ മഹേഷ് ഭൂപതിയും ചലച്ചിത താരം ലാറ ദത്തയുമാണ് പൃഥ്വിരാജിനെക്കൂടാതെ കൊച്ചി പൈപ്പേഴ്സ് ടീമിന്റെ ഉടമകൾ.