ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോഡ് സൃഷ്ടിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഏറ്റവും വേഗത്തിൽ അമ്പത് റൺസെടുക്കുന്ന ടീമെന്ന റെക്കോഡാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്. വെറും 26 പന്തിൽ നിന്നാണ് ടീം 50 റൺസ് നേടിയത്.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇംഗ്ലണ്ട് ചരിത്ര നേട്ടം സ്വന്തമാക്കിയത്. അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ തന്നെ ടീം അമ്പതിലെത്തുകയായിരുന്നു. 147 വർഷത്തിനിടയിൽ ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഇത്രയും വേഗം സ്കോർ അമ്പതിലെത്തിച്ച മറ്റൊരു ടീമില്ല.
1994-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 27 പന്തിൽ ഇംഗ്ലണ്ട് അമ്പത് റൺസ് തികച്ചിരുന്നു. ഈ റെക്കോഡാണ് ടീം തന്നെ ഇത്തവണ പുതുക്കിയെഴുതിയത്.