ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഐസിസിയുടെ താക്കീത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതോടെയാണ് താരത്തിന് താക്കീത് നൽകിയത്. താക്കീതിന് പുറമേ ഒരു ഡീമെറിറ്റ് പോയിന്റും ഐസിസി ബുമ്രയ്ക്ക് വിധിച്ചു.
ബോളിങ്ങിനിടെ ഇംഗ്ലിഷ് ബാറ്റർ ഒലി പോപ്പിന്റെ ഓട്ടം തടസപ്പെടുത്താൻ ബുമ്ര ശ്രമിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോശം പെരുമാറ്റത്തിലൂടെ ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലവൽ വൺ കുറ്റമാണ് ബുമ്ര ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
ഐസിസിയുടെ നിയമമനുസരിച്ച് 24 മാസത്തിനുള്ളിൽ 4 ഡീമെറിറ്റ് പോയിൻ്റ് ലഭിച്ചാൽ കളിക്കാർക്ക് ഒന്നോ രണ്ടോ മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടതായി വരും. അതിനാൽ വരുന്ന മത്സരങ്ങളിൽ ബുമ്ര ഗ്രൗണ്ടിൽ കൂടുതൽ ശ്രദ്ധയോടെ പെരുമാറേണ്ടിവരുമെന്നാണ് വിലയിരുത്തൽ.