സൂപ്പർ സ്റ്റാർ രജനികാന്തിനെയും താരത്തിന്റെ സിനിമകളും ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. താരവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യുംനീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വിവാഹ വാർഷിക വാർത്ത മകൾ ആരാധകരെ അറിയിച്ചതോടെ നിരവധി പേരാണ് രജനികാന്തിനും ഭാര്യ ലതാ രജനികാന്തിനും അശംസകൾ അറിയിക്കുന്നത്.
43-ാം വിവാഹ വാർഷികമാണ് താരം ആഘോഷമാക്കിയത്. ഇരുവർക്കും ആശംസ അറിയിച്ച് മകൾ സൗന്ദര്യ പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം. “43 വർഷം ഒരുമിച്ച്, എൻ്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും അച്ഛനും. ഞാൻ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു. ശക്തമായ തൂണുകൾ പോലെ ഇരുവരും എല്ലാകാര്യത്തിലും ഒരുമിച്ചുണ്ട്. 43 വർഷങ്ങൾക്ക് മുൻപ് പരസ്പരം അണിയിച്ച മാലയും മോതിരവും ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്” എന്നാണ് സൗന്ദര്യ എക്സിൽ കുറിച്ചത്.
വിവാഹത്തിന് പരസ്പരം അണിയിട്ട മാലയും മോതിരവും ഇട്ടുനിൽക്കുന്ന രജനികാന്തിന്റെയും ഭാര്യയുടെയും ചിത്രവും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നു രജനികാന്തിന്റേത്. 1980ൽ ഒരു സിനിമ സെറ്റിൽ വെച്ച് വിദ്യാർത്ഥിയായിരുന്ന ലത രജനികാന്തുമായി അഭിമുഖത്തിന് എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടത്. അഭിമുഖത്തിന്റെ അവസാനം താരം തന്നെ ലതയോട് പ്രണയാഭ്യാർഥന നടത്തുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ 1981 ഫെബ്രുവരി 26നാണ് ഇരുവരും വിവാഹിതരായത്.