സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റുഷിൻ മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുന്നത്.
ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ ‘താക്കോൽ’ എന്ന സിനിമയിലൂടെയായിരുന്നു റുഷിൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ പ്രകടനം റുഷിനെ ഏറെ ശ്രദ്ധേയനാക്കുകയും ചെയ്തിരുന്നു. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി.ആർ. ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഫൈനൽസ് എന്ന സിനിമയ്ക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ഉടൻ ആരംഭിക്കും.
റുഷിൻ അഭിനയത്തിലേയ്ക്ക് തിരിഞ്ഞപ്പോൾ ജ്യേഷ്ഠനായ ജഗൻ ഷാജി കൈലാസ് അച്ഛൻ്റെ പാത പിന്തുടർന്ന് സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സിജു വിൽസൻ നായകനായ ചിത്രത്തിലൂടെയാണ് ജഗൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ് ചിത്രം.