റിലീസിന് മുൻപ് റെക്കോർഡുകൾ തകർത്ത് ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം ‘ജവാൻ’. ടിക്കറ്റ് ബുക്കിങ്ങിൽ പഠാന്റെയും ഗദ്ദർ 2 വിന്റെയും റെക്കോഡുകളാണ് അറ്റ്ലീ ചിത്രം ജവാൻ മറികടന്നിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച ആയിരുന്നു ആരംഭിച്ചിരുന്നത്.
റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം വേൾഡ് വൈഡായാണ് റിലീസ് ചെയ്യുന്നത്. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ബോക്സോഫീസിൽ പുതിയ റെക്കോഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ജവാന്റെ അണിയറപ്രവർത്തകർ. റെക്കോഡ് ടിക്കറ്റ് ബുക്കിങ് അതിനുള്ള സാധ്യത വർധിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. ആക്ഷൻ, മാസ്സ്, ത്രില്ലിംഗ് രംഗങ്ങളുടെ മികവുറ്റ സംയോജനമാകും ജവാൻ എന്ന് ഉറപ്പ് നൽകുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ.