മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. നേരത്തേ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ലവ് രഞ്ജനും നിർമാതാവ് അങ്കൂർ ഗർഗും ഗാംഗുലിയുടെ വസതി സന്ദർശിച്ചിരിക്കുകയാണ്. .
സിനിമയുടെ ആവശ്യത്തിനാണ് ലവ് രഞ്ജിത്തും അങ്കൂർ ഗർഗും ഗാംഗുലിയുടെ വസതി സന്ദർശിച്ചതെന്നാണ് റിപ്പോർട്ട്. ഗാംഗുലിയുടെ ഭാര്യ ഡോണയിൽ നിന്നും ദാദയുമായി അടുത്തു നിൽക്കുന്ന ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെന്നാണ് വിവരം. കൂടാതെ ചിത്രത്തിനായുള്ള തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗാംഗുലിയുടെ ജീവിതത്തിലെ പുറം ലോകം അറിയാത്ത കഥകളും രസകരമായ സംഭവങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
അതേസമയം ബിഗ്സ്ക്രീനിൽ സൗരവ് ഗാംഗുലിയായി എത്തുന്ന താരം ആരായിരിക്കും എന്ന ആകാംഷയിലാണ് പ്രേക്ഷകർ. രൺബീർ കപൂറിന്റെ പേരാണ് ഉയർന്നു വരുന്നത്. കൂടാതെ നടൻ ആയുഷ്മാൻ ഖുറാനയുടെ പേരും പ്രചരിക്കുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ ഗാംഗുലിയുടെ ബയോപിക്ക് തിയറ്റർ റിലീസായിട്ടാകും എത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.