സൗദി അറേബ്യയുടെ പുതിയ സാംസ്കാരിക ചാനൽ ഉടൻ സംപ്രക്ഷേപണം ആരംഭിക്കും. സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ചാനലിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. സാംസ്കാരിക ടെലിവിഷൻ ചാനൽ ആരംഭിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വേണ്ടി എം.ബി.സി ഗ്രൂപ്പ് ചെയർമാൻ ശൈഖ് വലീദ് ബിൻ ഇബ്രാഹിം അൽഇബ്രാഹിമുമായി കരാർ ഒപ്പിട്ട ശേഷം ‘എക്സ്’ പ്ലാറ്റ്ഫോമിലെ പോസ്റ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആധുനിക ശൈലിയിലുള്ള അറേബ്യൻ സംസ്കാരം, പൈതൃകം, ദൃശ്യകലകൾ, സംഗീതം, സാഹിത്യം, പാചക കലകൾ, ഫാഷൻ, സിനിമകൾ, നാടകം, പുസ്തകങ്ങൾ, പെർഫോമിങ് ആർട്ട്സ്, വാസ്തുവിദ്യ, ഡിസൈൻ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളായിരിക്കും സാംസ്കാരിക ചാനലിൽ സംപ്രേഷണം ചെയ്യുക. ഇത്തരത്തിൽ വിവിധ സാംസ്കാരിക പരിപാടികളുമായി 24 മണിക്കൂറും ഈ ചാനൽ പ്രവർത്തിക്കും. വലിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻറ സ്ഥാനം ഉയർത്തിക്കാട്ടുന്നതിന് ചാനൽ ഉപകരിക്കും. കൂടാതെ അതിന്റെ സാംസ്കാരിക വശങ്ങളിൽ ‘വിഷൻ 2030’ൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് പുതിയ ചാനൽ ആരംഭിക്കുന്നത്.
സെപ്റ്റംബറിൽ ആയിരിക്കും ചാനലിന്റെ പ്രവർത്തനം ആരംഭിക്കുക. ‘ശാഹിദ്’ ആപ്ലിക്കേഷനിൽ എം.ബി.സി സാറ്റലൈറ്റ് ഡിജിറ്റൽ പാക്കേജിൻറ ഭാഗമായാണ് സംപ്രേഷണം നടത്തുന്നത്. ആധുനികമായ രീതിയിൽ വിദ്യാസമ്പന്നരായ ഉന്നതരെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ടായിരിക്കും ചാനലിന്റെ സംപ്രേഷണമെന്നും മന്ത്രി പറഞ്ഞു.