മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു. തന്റെ പുതിയ ചിത്രം മോഹൻലാലുമൊന്നിച്ചാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാട് പുതിയൊരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്.
‘മോഹൻലാലുമായിട്ടാകും അടുത്ത ചിത്രം എന്ന കാര്യം സത്യമാണ്. ആ സിനിമയുടെ ജോലികൾ ആരംഭിച്ചു. ഇപ്പോൾ തിരക്കഥയിലേയ്ക്ക് കടന്നിട്ടേയുള്ളൂ. ആൻ്റണി പെരുമ്പാവൂർ ആയിരിക്കും ചിത്രത്തിന്റെ നിർമ്മാണം. കൂടുതലൊന്നും പറയാറായിട്ടില്ല. സിനിമയുടെ മറ്റ് വിശദാംശങ്ങൾ വൈകാതെ അറിയിക്കാം’ എന്നാണ് സത്യൻ അന്തിക്കാട് വ്യക്തമാക്കിയത്.
തന്റെ ജന്മദിനത്തിലായിരുന്നു സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള വെളിപ്പെടുത്തൽ. മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിച്ച ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, രസതന്ത്രം തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളായിരുന്നു. ജയറാമും മീര ജാസ്മിനും ഒന്നിച്ച് 2022-ൽ പുറത്തിറങ്ങിയ മകൾ എന്ന സിനിമയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.