മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. തിയേറ്ററിലെ കളക്ഷൻ റെക്കോർഡുകൾ തുടരെത്തുടരെ മറികടന്നുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ചിത്രങ്ങൾ. ഇതോടെ ആരാധകരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഇപ്പോൾ താരത്തിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുന്നത് തെന്നിന്ത്യൻ സുന്ദരിയായ സമാന്തയാണ്.
“ഏറ്റവും പ്രിയപ്പെട്ട” എന്ന വാക്കുകളോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കാതൽ എന്ന ചിത്രം കണ്ട സമാന്ത അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരുന്നു. “മമ്മൂട്ടി സാർ, നിങ്ങൾ എൻ്റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തിൽ പുറത്തുകടക്കാൻ എനിക്ക് ആവില്ല” എന്നായിരുന്നു സമാന്ത കുറിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിൽ ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സമാന്ത.
മമ്മൂട്ടി ചിത്രത്തിനൊപ്പം ഫഹദ് ഫാസിലിനെക്കുറിച്ചുള്ള സ്റ്റോറിയും സമാന്ത ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു പരസ്യബോർഡിലെ ഫഹദ് ഫാസിലിൻ്റെ ചിത്രമാണ് സമാന്ത പങ്കിട്ടത്. മറ്റൊരു ഫേവറേറ്റ് എന്നാണ് ആ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. എന്തായാലും ഇരു ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.