ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് മുൻ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. കടുത്ത സമ്മർദത്തിൽ പിടിച്ചു നിൽക്കാനുള്ള ‘മെൻ ഇൻ ബ്ലൂ’വിൻ്റെ കഴിവ് അസാധ്യമാണ്. മാത്രമല്ല, സ്വന്തം മണ്ണിൽ ലോകകപ്പിന് വേണ്ടി പോരാടുമ്പോൾ രോഹിത് ശർമ്മ തന്നെയാണ് ഇന്ത്യയ്ക്ക് അനുയോജ്യമായ ക്യാപ്റ്റനെന്നും മൂന്ന് തവണ ജേതാവായ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.
‘ഇന്ത്യയെ തോൽപ്പിക്കുക എന്നത് പ്രയാസമാണ്. വളരെ കഴിവുള്ള ഒരു ടീമാണ് ഇന്ത്യയുടേത്. ഫാസ്റ്റ് ബൗളിംഗ്, സ്പിൻ, മധ്യനിര ബാറ്റിംഗ്, ടോപ് ഓർഡർ, തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയ്ക്ക് ശക്തമായ അടിത്തറയുണ്ട്. അവരെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ കടുത്ത സമ്മർദ്ദത്തിലും അവർ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് കാണേണ്ടിയിരിക്കുന്നു’ എന്ന് പോണ്ടിംഗ് പറഞ്ഞു.
രോഹിത് ശർമ്മ വളരെ ശാന്തനാണ്. രോഹിത് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ശാന്തത പ്രകടമാണ്. കളിക്കുന്ന രീതിയിൽ പോലും അത് കാണാൻ കഴിയും. ചില ഘട്ടങ്ങളിൽ സമ്മർദ്ദം അവരിലേക്ക് എത്തില്ല, അല്ലെങ്കിൽ അത് അവരെ ബാധിക്കില്ലെന്ന് നിസംശയം പറയാൻ സാധിക്കുമെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ ഉജ്ജ്വലമായ വിജയം നേടി ക്രിക്കറ്റ് ലോകകപ്പിന് ശക്തമായ തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.