ബോളിവുഡിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ സീരീസിൽ തെന്നിന്ത്യൻ താരം സായ് പല്ലവി സീതയായി എത്തുമെന്ന് റിപ്പോർട്ട്. ആലിയ ഭട്ടിന് പകരം സായ് പല്ലവിയെയാണ് പരിഗണിക്കുന്നതെന്ന വാർത്തകൾ കഴിഞ്ഞ ദിവസം ബോളിവുഡ് വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ‘രാമായണ’ സീരീസിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് നായക വേഷത്തിൽ എത്തുന്നത്. മറ്റൊരു പ്രധാന വേഷത്തിൽ യാഷുമെത്തുന്നുണ്ട്. അടുത്ത വർഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ജൂലൈയിലാകും യാഷ് ചിത്രത്തിനൊപ്പം ചേരുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഓസ്കാർ ജേതാക്കളായ ഡി.എൻ.ഇ.ജിയാണ് ചിത്രത്തിന്റെ വി.എഫ്.എക്സ് തയാറാക്കുന്നത്.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരിക്കുന്നത്. രാമനും സീതക്കും കൂടുതൽ പ്രാമുഖ്യം നൽകുന്നതാണ് സിനിമയുടെ ആദ്യ ഭാഗം. രണ്ടാം ഭാഗത്തിൽ യാഷിന് പ്രാധാന്യമുള്ള കഥാ സന്ദർഭവുമായിരിക്കും. ആദ്യ ഭാഗത്തിൽ യാഷിന് 15 ദിവസത്തെ ഷൂട്ടായിരിക്കും ഉണ്ടാവുക.