അടുത്തിടെ അന്യ ഭാഷ പ്രേക്ഷകർക്കിടയിലും വൻ വിജയം സൃഷ്ടിച്ച മലയാള ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമെന്ന ബഹുമതിയും സ്വന്തമാക്കി. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് നടൻ രജനികാന്ത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വേട്ടൈയന്റെ’ ചിത്രീകരണത്തിനിടെ വീട്ടിലെത്തിയപ്പോഴായിരുന്നു മഞ്ഞുമ്മൽ ടീം അംഗങ്ങളെ ചെന്നൈയിലെ വീട്ടിലേക്ക് താരം ക്ഷണിച്ചത്. സംവിധായകൻ ചിദംബരം താരങ്ങളായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ എന്നിവർ രജനിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ മഞ്ഞുമ്മൽ ബോയ്സ് ചിത്രം കണ്ടതിന് ശേഷം രജനി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിയിരുന്നു. ഫെബ്രുവരി 22നാണ് സിനിമ തിയറ്ററുകളിലെത്തിയത്. തമിഴ്നാട്ടിൽ മാത്രം 50 കോടിയിലേറെയാണ് ചിത്രം സമാഹരിച്ചത്. ഏപ്രിൽ ആറിന് തെലുങ്കിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രം. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ‘ഗുണ കേവ്സി’ൽ എത്തുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. മലയാള സിനിമാ ലോകം കണ്ട ഏറ്റവും മികച്ച സർവൈവർ ത്രില്ലറുകളിൽ ഒന്ന് എന്ന് പ്രേക്ഷകർ വിധിയെഴുതിയ ചിത്രം കൂടിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.