തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് – ടി.ജെ ജ്ഞാനവേൽ ചിത്രം ‘വേട്ടയൻ’. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു ലൊക്കേഷൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. രജനികാന്തും ഫഹദ് ഫാസിലുമാണ് ചിത്രത്തിലുള്ളത്.
ഫഹദ് ഫാസിലും രജനികാന്തും ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നത്. റിതിക സിങ്, മഞ്ജു വാര്യർ, റാണ ദഗ്ഗുബട്ടി, ദുഷാരാ വിജയൻ, അമിതാഭ് ബച്ചൻ എന്നിവരാണ് മറ്റുതാരങ്ങൾ. അതേസമയം 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എസ്.ആർ. കതിരാണ് ഛായാഗ്രഹണം. അൻബറിവ് സംഘട്ടന സംവിധാനവും ഫിലോമിൻരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. രണ്ടാഴ്ചമുമ്പാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്.