‘പുഷ്പയെന്നാൽ ഫ്ലവർ അല്ലേടാ, ഫയറാടാ…’ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കഴുത്തിൽ കൈ വച്ചുകൊണ്ട് താടിയിൽ ചെറുതായൊന്നുരസി മാസ്സ് കാണിക്കും. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തെലുങ്ക് താരം അല്ലു അർജുന്റെ ‘പുഷ്പ’ എന്ന ചിത്രത്തിലെ ഡയലോഗാണിത്. താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരെ കൂടുതൽ ആവേശഭരിതരാക്കുകയാണ്. ഇപ്പോഴിതാ പുഷ്പ 2 വിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘പുഷ്പ പുഷ്പ പുഷ്പരാജ്’ എന്ന് തുടങ്ങുന്ന ഗാനം ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് പ്രതീക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയ ദേവി ശ്രീ പ്രസാദാണ് പുഷ്പ 2 വിന്റെയും സംഗീതം ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിലെ തെലുങ്ക്- തമിഴ് പതിപ്പ് ഗാനം ആലപിച്ചിരിക്കുന്നത് നകാഷ് അസീസും ദീപക് ബ്ലൂയും ചേർന്നാണ്. മലയാളത്തിൽ രഞ്ജിത്ത് കെ ജിയും ഹിന്ദിയിൽ മിക്കാ സിങ്ങും ദീപക് ബ്ലൂവും കന്നഡയിൽ വിജയ് പ്രകാശും ബംഗാളിയിൽ തിമിര് ബിശ്വാസുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് പുറത്ത് വരുന്ന വർത്തകൾ സൂചിപ്പിക്കുന്നത്. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രം തിയറ്ററുകളിലെത്തും.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നാണ് നിർമിക്കുന്നത്. മിറെസ്ലോ കുബ ബ്രോസെക് ആണ് ഛായാഗ്രാഹകൻ. പ്രൊഡക്ഷൻ ഡിസൈനർ എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആര്‍ഒ ആതിര ദില്‍ജിത്ത്.