പ്രഭാസ് – പൃഥ്വിരാജ് ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുന്നു. ക്രിസ്തുമസ് റിലീസായി തിയേറ്ററിലെത്തിയ ചിത്രം 18 ദിവസങ്ങൾ പിന്നിടുമ്പോൾ 700 കോടി കളക്ഷനിലേയ്ക്കാണ് അടുക്കുന്നത്. തിങ്കളാഴ്ച വരെയുള്ള കളക്ഷൻ കണക്കുകൾ പ്രകാരം 694.3 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോർട്ട്. ആഗോള തലത്തിൽ റിലീസ് ആയ എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായാണ് ഈ റെക്കോർഡ് കലക്ഷൻ ചിത്രം സ്വന്തമാക്കിയത്.
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സലാർ ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ പ്രശാന്ത് നീൽ ആണ് ഒരുക്കിയത്. മാസ് ആക്ഷൻ രംഗങ്ങളാലും ഇമോഷണൽ ഡ്രാമയാലും ആരാധകർക്കിടയിൽ ആവേശമായി മാറുകയാണ് സലാർ. ദേവയായി പ്രഭാസും വരദരാജ മന്നാർ ആയി പൃഥ്വിരാജും എത്തുന്ന സലാർ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. പിന്നീട് ഇരുവരും കടുത്ത ശത്രുക്കളായി മാറുന്നതിലേക്കാണ് ‘സലാർ പാർട്ട് 1 സീസ് ഫയർ’ എന്ന ആദ്യ ഭാഗം പ്രേക്ഷകരെ എത്തിക്കുന്നത്.
തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.