പ്രഭാസ് നായകനാകുന്ന ചിത്രമായ ‘കൽക്കി 2898 എ.ഡി’യിലെ പ്രധാനപ്പെട്ട ഫോട്ടോ ചോർന്നു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്. വൈജയന്തി മൂവീസ് നിർമ്മിക്കുന്ന 50-ാമത്തെ ചിത്രമാണ് കൽക്കി 2898 എ.ഡി.
ചിത്രത്തിന്റെ വിഎഫ് ചെയ്യാൻ ഏൽപ്പിച്ച കമ്പനിയിൽ നിന്നാണ് ഫോട്ടോ ചോർന്നതെന്നാണ് വിവരം. അതിനാൽ കമ്പനിയോട് വൈജയന്തി മൂവീസ് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനിടെ ഫോട്ടോ ചോർത്തിയതായി ആരോപിച്ച് ചില ജീവനക്കാരനെ കമ്പനി പുറത്താക്കിയതായും വിവരങ്ങളുണ്ട്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവരുമുണ്ട്. സൂപ്പർ ഹീറോയായാണ് പ്രഭാസിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.